മരുഭൂമിയിലെ മാലാഖമാര്‍
എങ്ങും വെടിശബ്‌ദങ്ങള്‍, ആംബുലന്‍സിന്റെ ഹോണ്‍ ശബ്‌ദങ്ങളും കേള്‍ക്കാം.പോകുംവഴി തീതുപ്പുന്ന പീരങ്കികളും പട്ടാളക്കാര്‍ കുത്തിനിറഞ്ഞ വാഹനങ്ങളും കാണാം. അവള്‍ കാണുന്ന കാഴ്‌ചകള്‍ ഇതാണെങ്കിലും മനസ്സുമുഴുവന്‍ നാട്ടിലാണ്.പുഞ്ചപാടങ്ങളും, കായലും, കുരുവികളും.......
ഇതെല്ലാം ഉപേക്ഷിച്ചാണ് പത്തുപതിനായിരം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഇരുണ്ട ഭൂഖണ്‌ഡത്തിലെ ലിബിയ എന്ന രാജ്യത്തെത്തിയത്. മരുഭൂമിയിലെ മാലാഖയാവാനാണ് സിനി എത്തിയത്.
വിദ്യാഭ്യാസവായ്‌പ എടുത്തതിന്റെ പലിശപോലും അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാം അടച്ചുതീര്‍ക്കണം, അമ്മയുടെ അസുഖം ചികിത്സിച്ചു ഭേദമാക്കണം, വയസ്സായ അച്ഛനെ ഇനി ജോലിക്കൊന്നും വിടരുത്.....ഈ ലക്ഷ്യങ്ങളെല്ലാം മുന്നില്‍ നിര്‍ത്തിയാണ് ലിബിയയിലേക്കുള്ള വിമാനം കയറിയത്. ഒരു കൊല്ലം....
ഒരു വര്‍ഷം രാപ്പകല്‍ അദ്ധ്വാനിച്ചിട്ടും ഒന്നുമായിട്ടില്ല. ദിവസ വരുമാനമുള്ള അച്ഛഌം ക്യാന്‍സര്‍ രോഗിയായ അമ്മയ്‌ക്കും ഒരേയൊരാശ്രയം സിനിയാണ്. അനു ജന് ഡോക്‌ടര്‍ ആവാനാണ് മോഹം. അവന്‍ നല്ലവണ്ണം പഠിക്കുന്നുണ്ട്. എല്ലാവരെയും നല്ലരീതിയില്‍ മുന്‍പോട്ടു കൊണ്ടുപോകണം. ഇതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമാണിപ്പോള്‍.....
ലിബിയയിലെ യുദ്ധം കാരണം എത്രയോ മനു ഷ്യര്‍ ദുരിതമനു ഭവിക്കുന്നു. താന്‍ ജോലി ചെയ്‌ത ആശുപത്രിയില്‍ എത്ര ജനങ്ങളാണ് മുറിവും പരിക്കുകളുമായി വന്നത്. പക്ഷേ നാട്ടിലേക്ക് മടങ്ങിയേ പറ്റു. ഇന്ത്യന്‍ എംബസി എല്ലാവരോടും തിരികെ നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് നാട്ടിലെത്തിയേ പറ്റൂ.ഏജന്റിനു നല്‍കിയ രണ്ടുലക്ഷം രൂപ ഇനിയൊരു സ്വപ്‌നം മാത്രമാണ്. തന്റെ ജീവിതം കൈപ്പിടിച്ചുകയറ്റാന്‍ ആശ്രയമായി കണ്ടത് ലിബിയയേയാണ്. ഒരു ടീച്ചറാകാനായിരുന്നു മോഹം. പക്ഷേ എത്തിപ്പെട്ടത് ഈ ജോലിയിലും. ടുണീഷ്യയിലേയ്‌ക്കുള്ള ബസ്‌യാത്രയിലാണിപ്പോള്‍. ലിബിയയിലെ വിമാനതാവളമെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ ബസ്‌മാര്‍ഗ്ഗം ടുണീഷ്യയിലെത്തിയിട്ടുവേണം തുടര്‍ന്നുള്ള യാത്ര.
സഹയാത്രികരില്‍ ഏറെപ്പേരും മലയാളികള്‍ തന്നെ. വിമാനത്തില്‍ തൊട്ടടുത്തിരുന്ന നിര്‍മ്മല ചേച്ചി സ്വന്തം കുഞ്ഞിനെപ്പോലും വീട്ടിലേല്‍പ്പിച്ചാണ് ഇവിടേയ്‌ക്ക് ജോലിക്ക് വന്നത്. ചേച്ചിയുടേതും ഒരു പാവപ്പെട്ട കുടുംബമാണ്. മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടേത് ഒന്നുമല്ലാത്തതായിട്ട് തോന്നും. ചേച്ചി അഞ്ചു കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു. എല്ലാതവണയും വീട്ടില്‍ പോകുമ്പോള്‍ സന്തോഷമാണ്. ഇത്തവണ മനസ്സുനിറയെ ദു:ഖമാണ്. വിമാനത്തിനു ള്ളില്‍ എ.സിയില്‍ ഇരിക്കുമ്പോഴും മനസ്സു ചൂടുപിടിച്ചിരിക്കുന്നു.
രാവിലെ ഏഴുമണിയോടെ വിമാന താവളത്തില്‍ എത്തി. നിര്‍മ്മല ചേച്ചിയോട് വിടപറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മാവന്‍ ടാക്‌സി കാറുമായി പുറത്തു കാത്തുനില്‍പ്പുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ സഞ്ചരിച്ച് കോട്ടയം ജില്ലയിലെ കുമരകത്ത് എത്തണം. പോകുംവഴി ലഭിച്ച പത്രത്തിലെ ആദ്യവാര്‍ത്ത തന്നെ ലിബിയയിലെ നഴ്‌സുമാരുടെ ദുരിതത്തെക്കുറിച്ചായിരുന്നു.
ഒന്‍പതേകാലോടെ വീട്ടിലെത്താനു ള്ള വള്ളത്തില്‍ കയറി. ഞാന്‍ നാട്ടുവിശേഷമൊക്കെ അന്വേഷിച്ചെങ്കിലും അമ്മാവന്റെ മുഖം മ്ലാനമായിരുന്നു . വീടെത്താനായിരുന്നു, വീട്ടുമുറ്റത്ത് കുറച്ച് ആളുകള്‍ കൂടിനില്‍പുണ്ട്. എല്ലാവരും സിനിയെ കാണാന്‍ വന്നതാണെന്ന് അമ്മാവന്‍ പറഞ്ഞെങ്കിലും അവള്‍ക്ക് വിശ്വാസമായില്ല.
പക്ഷേ വീട്ടിലേക്കടുക്കുംതോറും മനസ്സില്‍ ഒരു നീറ്റല്‍ ജനനമെടുത്തു. വീട്ടുമുറ്റത്ത് എത്തിയപ്പോളാകട്ടെ എല്ലാവരുടെയും കണ്ണുകളില്‍ സഹതാപം തുളുമ്പിനില്‍ക്കുന്നു. എന്താണ് എല്ലാവരുമിങ്ങനെ അവള്‍ ചിന്തിച്ചുപോയി. ഇനി അമ്മയ്‌ക്കെന്തിങ്കിലും, ദൈവമേ ഒന്നും സംഭവിക്കരുതേ എന്നവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. പക്ഷേ വിധി അപ്രതീക്ഷിതമായിരുന്നു.
വീടിനു ള്ളില്‍ കാലെടുത്തുവെച്ചതും അവള്‍ കണ്ടത് വെള്ളപൊതിഞ്ഞ അച്ഛന്റെ ശരീരമായിരുന്നു. ആ കാഴ്‌ച അവളുടെ ശരീരമാകെ മരവിപ്പിച്ചുകളഞ്ഞു. ഒന്നു കരയുവാന്‍പോലും അവള്‍ക്ക് കഴിയുമായിരുന്നില്ല. അമ്മാവന്‍ അടുത്തു ചെന്ന് അവളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു, അച്ഛന് രക്താര്‍ബുദമായിരുന്നു. അവസാന നിമിഷമാണ് അറിഞ്ഞത് ഡോക്‌ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനായില്ല. പത്തുപതിനായിരം മൈലുകള്‍ക്കിപ്പുറത്ത് അച്ഛനെ അര്‍ബുദം കാര്‍ന്നുതിന്നുമ്പോഴും തന്റേതല്ലാത്ത ആരെയൊക്കെയോ ശുശ്രൂഷിക്കുകയായിരുന്നു. ഇത് അവള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. എന്നിട്ടും എല്ലാം സഹിച്ച് അച്ഛനെ യാത്രയാക്കി. ഒരിക്കലും മടങ്ങിവരില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി. ഈയിടെ പത്രമാധ്യമങ്ങളില്‍ വന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ഞാന്‍ ഇത് എഴുതിയത്. മരുഭൂമിയില്‍ ജോലി ചെയ്യുന്ന എല്ലാ മാലാഖമാര്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.