ഗുല്‍മോഹര്‍

കണ്ടുമറന്നു ഞാന്‍ മുറ്റത്തെ പൂമരം
പണ്ടെങ്ങോ ഓര്‍മ്മയില്‍ വീണുടഞ്ഞു
ഗുല്‍മോഹര്‍ പൂവില്‍നിന്നിറ്റിറ്റു വീണു എന്‍
കണ്‍പോള തന്നിലോ കൊച്ചുതുള്ളി.

അന്നും മഴയെന്നെ തല്ലുവാന്‍ വന്നപ്പോള്‍
കീഴില്‍ ഞാന്‍ ഓടി അണഞ്ഞിരുന്നു
അമ്മയെന്‍ നെറുകയില്‍ തൊട്ടുതലോടി
ശാസിച്ചു വീണ്ടും നനഞ്ഞപോലെ.

ഉണ്ണിക്ക്‌ മണ്ണപ്പം ചുട്ടുകൊടുക്കാനായ്‌
മാമരച്ചോട്ടിലായ്‌ കൂട്ടിരുന്നു
അന്തിതന്‍ നിറമുള്ള പൂവിന്റെഞെട്ടൊടി-
ച്ചതിന്‍ മുകളിലങ്ങനെ ചിതറിയിട്ടു.

വെള്ളക്കാവണ്ടിയുരുട്ടി ഞാന്‍ ഒത്തിരി
ഓടികളിച്ചൊരാ തണലില്‍ വീണ്ടും
പ്രണയത്തിന്‍ കോടിയുടുത്തു എന്‍ മുന്നിലായ്‌
വേഗമണഞ്ഞൊരു രാത്രികൂടി.

മഴയില്‍ നനഞ്ഞെന്റെ സ്വപ്‌നവും ദേഹവും
ഒരുപോലെ കോരിത്തുളുമ്പി നിന്നു
നെറുകതന്‍ വരയിലായ്‌ ഗുല്‍മോഹര്‍ചാറിന്റെ
നിറമൊന്നു ചാലിച്ച കൈകളിലായ്‌,

മറുകൈ പിടിച്ചുഞാന്‍ വീണ്ടുമാ പൂമര-
ച്ചോട്ടിലായ്‌ വന്നന്നു നിന്നനേരം
ഞങ്ങള്‍ക്കു മേഘസന്ദേശവുമായെത്തി
പൂമഴ ഗുല്‍മോഹര്‍ പൂവിതളായ്‌.

കടല്‍താണ്ടി മറ്റെങ്ങോ പോയ്‌മറഞ്ഞു
എന്റെ ജീവനില്‍ തീര്‍ത്തൊരാ ചോരപോലും
കൈപിടിച്ചെന്നുമെന്‍ കൂടെ നടന്നെന്റെ
സ്വപ്‌നവും പോയ്‌ സ്വര്‍ഗ്ഗലോകത്തിലായ്‌.

ഓര്‍ത്തില്ല വീണ്ടുമാ മുറ്റത്തു വന്നുനിന്നൊ-
രുവട്ടം കൂടിയാ തണലിന്‍ സുഖം
ഓര്‍ത്തോര്‍ത്തു നില്‍ക്കുമ്പോള്‍ മഴവീണ്ടും വന്നെന്റെ
നെറുകയില്‍ ചുംബിച്ചുനില്‍ക്കുമെന്ന്‌