കവിയുടെ അപൂര്‍ണതകള്‍

എഴുതാനിരിക്കുമ്പോള്‍ മിക്കപ്പോഴും പാതിരാത്രി കഴിയാറുണ്ട്‌. മനംമടുപ്പിക്കുന്ന അന്ധകാരമാണ്‌ ചിന്തകളെ ദ്യോതിപ്പിക്കാന്‍ പലപ്പോഴും എന്നെ സഹായിച്ചിട്ടുള്ളത്‌. അതാണ്‌ ഈ മനപൂര്‍വ്വമുള്ള വൈകിക്കലിന്റെ കാരണവും. കണ്ണുകള്‍ക്ക്‌ പുറംകാഴ്‌ച മടുക്കുമ്പോള്‍ അകക്കാഴ്‌ചകളാണെനിക്കു വഴികാട്ടി. പക്ഷേ പാതിയില്‍ മുറിഞ്ഞുപോകുന്ന വഴികളിലൂടെയാണ്‌ ഞാന്‍ അധികവും സഞ്ചരിച്ചിട്ടുള്ളത്‌. ഓരോ യാത്രയും എനിക്ക്‌ ദു:ഖം മാത്രം നല്‍കി. പക്ഷേ വീണ്ടും വീണ്ടും എന്റെ തൂലികയിലെ ജനു സ്സുക്കളെ ഞാനാപാതകളിലൂടെ തന്നെ സഞ്ചരിപ്പിച്ചു. ദൂരെ, വളരെ ദൂരെ എനിക്കു കാണാം, പ്രതീക്ഷകള്‍ വിശ്വാസങ്ങള്‍. അതെന്നെ പ്രാത്സാഹിപ്പിച്ചു, ഓരോ തളര്‍ച്ചയിലും എനിക്കുത്തേജനം നല്‍കി. പക്ഷേ എപ്പോഴും വഴിമുടക്കിയായി ഒന്നുമാത്രം, അജ്ഞത.

അറിയുന്നവയെക്കാളും അറിയാത്ത കാര്യങ്ങളാണ്‌ നമുക്ക്‌ ചുറ്റും. ജിജ്ഞാസയില്‍ നിന്നും ജ്ഞാനമുണ്ടാകുന്നു. എന്നാല്‍ അതിന്റെ ഇരട്ടി അജ്ഞത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതാണെന്നെ വ്യാകുലനാക്കുന്നത്‌. ഒരു കവിക്ക്‌ ഏറ്റവും വെറുപ്പ്‌ അജ്ഞതയോടായിരിക്കും. പക്ഷേ അത്‌ മറ്റൊരു തരത്തിലായിരിക്കും. മഹാകവി ഉള്ളൂര്‍ നല്ലൊരു പണ്‌ഡിതനാണ്‌, അതിലുപരി ആരാധ്യനായ കവിയും. അതുകൊണ്ട്‌ എല്ലാ പണ്‌ഡിതന്മാരും കവികളാകണമെന്നില്ല. കുമാരനാശാന്‍ മഹാനായ കവി മാത്രമായിരുന്നു! അപ്പോള്‍ കവിയുടെ ജ്ഞാനവും അജ്ഞതയും തീര്‍ത്തും വ്യത്യസ്‌തമാണ്‌.

എഴുതി പൂര്‍ത്തിയാക്കിയതിലും എത്രയോ അധികം എഴുതി പകുതിയാക്കിയ രചനകളായിരിക്കും ഏതൊരു കവിക്കും കൂടുതല്‍. എഴുതിയ കവിതകളെയോര്‍ത്ത്‌ ആനന്ദം കൊള്ളുന്നതിലുപരി എഴുതാത്തവയെ കുറിച്ചുള്ള ദു:ഖമാണ്‌ എപ്പോഴും കവിയുടെ സമ്പാദ്യം.

ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്‌. എന്റെ കവിതയെ വായനക്കാരനിലെ അത്മാവാക്കി മാറ്റാന്‍ എങ്ങനെ സാധിക്കും എന്നാണ്‌ ഞാന്‍ ആദ്യം ആലോചിക്കുക. അതാണ്‌ ഏറ്റവും ദുര്‍ഘടം പിടിച്ച ഘട്ടം. ആര്‍ക്കും കവിയാകാം. വൃത്തങ്ങളൊരുമിപ്പിച്ച്‌ അലങ്കാരങ്ങള്‍ നല്‍കി പ്രകൃതിയെയോ മനു ഷ്യനെയോ ദൈവികതയെയോ രമിച്ച്‌ അതില്‍നിന്നു ബീജങ്ങള്‍ ജനിപ്പിച്ച്‌ തൂലികയില്‍ പടര്‍ത്തി, ഭാവോത്മകമായ, ചിന്തോദീപകമായ അര്‍ത്ഥതലങ്ങള്‍ കൊടുത്ത്‌ മനസ്സില്‍ പ്രതിഷ്‌ഠിച്ചാല്‍ ‘ആന്തരിക കവി’യാകാം. എന്നാല്‍ ചിന്തകള്‍ മാത്രം ഉണര്‍ത്തി ബിംബങ്ങള്‍ അധിനിവേശം പുലര്‍ത്തി സരസമായി അവതരിപ്പിക്കുന്ന ‘ആധുനിക കവി’യാകാം. അതുമല്ലെങ്കില്‍ കവിയെന്നു വിളിക്കപ്പെടാന്‍ മാത്രമായി ഒരു ‘വെറും കവി’യാകാം. വെറും കവികള്‍ എന്റെ കാഴ്‌ചപ്പാടില്‍ യഥാര്‍ത്ഥ കവികളല്ല.

സാധാരണക്കാരന്റെ ആത്മാവില്‍ ഇടംപിടിച്ചാല്‍ കവിത പൂര്‍ണ്ണമാകുന്നു (അവാര്‍ഡുകള്‍ അല്ല കവിതകളെ പൂര്‍ണ്ണമാക്കുന്നത്‌ എന്നാണ്‌ എന്റെ ഭാഷ്യം).തൂലിക ചലിപ്പിച്ചു തുടങ്ങുന്നതുതൊട്ട്‌ കവി ജീവിതത്തിഌം ജീവിതാര്‍ത്ഥങ്ങള്‍ക്കും ഇടയിലാണ്‌ നിലകൊള്ളുക. അവന്‍ ആശങ്കാകുലനാകുന്നു. ഒന്നു പിഴച്ചാല്‍ തന്റെ ചിന്തകള്‍ മുഴുവന്‍ ജീര്‍ണ്ണിച്ചു പോകുമെന്ന അവസ്ഥ. സമകാലികതയെ കുറിച്ച്‌ അവന്‍ ബോധവാനാണ്‌. കാലത്തിന്റെ ചൂഷണതകളും സത്യങ്ങളും മറകളും അവന്‌ ഹൃദ്യസ്ഥമാണ്‌. തൂലിക ചലിക്കുന്നതുതൊട്ട്‌. ചിന്താമണ്‌ഡലങ്ങളും ഭാവനകളും തന്റെ വികാരങ്ങളും കവിയെ ഉന്മാദനാക്കുന്നു. ലൈംഗികതയിലെ ഉന്മാദത്തിലും അധികം ആയിരിക്കും അത്‌. തന്റെ കാതുകളില്‍ അതിഭീകര ശബ്‌ദത്തില്‍ മുഴങ്ങികേള്‍ക്കുന്ന ഓരോ ഹൃദയമിടിപ്പും, ശ്വാസോച്ഛാസത്തിന്റെ മരവിപ്പിക്കുന്ന ധ്വനികളും മറുധ്വനികളും കവിയുടെ ആത്മാവില്‍ ലയിക്കുന്നു. അവനിപ്പോള്‍ തന്റെ കവിതയിലൂടെ സഞ്ചരിക്കുകയാണ്‌, കൂടെ താന്‍ മെരുക്കിയെടുത്ത ഭാവനകളും.

ലൗകീകതയും ആത്മീയതയും അവന്‍ വെടിയുന്നു. തന്റെ സങ്കല്‍പ്പങ്ങളാണിപ്പോള്‍ കവിയുടെ ജീവശ്വാസം. പക്ഷേ അത്‌ അസ്ഥിരമാണ്‌. കവി ഭയക്കുന്നതും ആ അസ്ഥിരതയാണ്‌. അത്‌ തന്റെ കവിതയെ കൊല്ലുന്നു. അങ്ങനെ സംഭവിക്കുന്ന അസ്ഥിരത, അല്ലെങ്കില്‍ അജ്ഞത എവിടെ നിന്നു വരുന്നുവെന്ന്‌ കവി അജ്ഞനാണ്‌!! വിഖ്യാത സാഹിത്യകാരന്‍ ദസനയേവ്‌സ്‌കിചിന്തകളുടെയും അതില്‍ നിന്നു ജനിക്കുന്ന ഭാവനകളുടെയും അക്ഷയപാത്രമായിരുന്നു. പക്ഷേ അതേ ചിന്തകളോ ഭാവനകളോ മുഴുവനായും രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മനസ്സിലുള്ള കാര്യങ്ങള്‍ താളുകളില്‍ പകര്‍ത്താന്‍ കഴിയുക എന്നതാണ്‌ ആദ്യത്തെ കടമ്പ. പല മഹാന്മാരായ സാഹിത്യകാരന്മാരും എല്ലായ്‌പ്പോഴും ഈ പ്രശ്‌നത്തെ നേരിടുന്നു. അന്ധനായ ഹോമര്‍ പ്രശസ്‌തമായ ഇലിയഡും ഒഡീസിയും എഴുതിഫലിപ്പിച്ചതും തന്റെ ഭാവനകള്‍ പാടിനടന്നും ജനങ്ങളുടെ മനസ്സിലാണ്‌ അദ്ദേഹം ആ ഇതിഹാസ കൃതികള്‍ രചിച്ചത്‌. ചിന്തകളുടെ ജനു സ്സുക്കള്‍ മനോമണ്‌ഡലങ്ങളില്‍ നിന്നും തുടങ്ങി തൂലികയിലെത്തുമ്പോള്‍ കവി ആകുലപ്പെടുന്നു. അവിടെ തങ്ങിനില്‍ക്കുന്ന തന്റെ സൃഷ്‌ടി ഒരുപക്ഷേ ഒരിക്കലും ലോകം വായിക്കുകയില്ല. എന്നാല്‍ അന്നുവരെ താന്‍ രൂപപ്പെടുത്തിയ കവിതകളിലും മഹത്തായ രചനയായിരിക്കും തൂലികത്തുമ്പില്‍ അന്ത്യവിശേഷം കൊള്ളുക.

അടുത്തത്‌ വാക്കുകളുടെ അജ്ഞതയാണ്‌. ആധുനിക കവികള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത്‌ മാതൃഭാഷയും അവഌം തമ്മിലുള്ള അന്തരമാണ്‌. മലയാളത്തിലെ ഇന്നത്തെ കവിതകളില്‍ ആംഗലേയ ഭാഷകളുടെ അധിനിവേശം മാതൃഭാഷയോടുള്ള അജ്ഞത പ്രകടമാക്കുന്നു. പക്ഷേ സ്വന്തം ഭാഷയോടുള്ള വായനക്കാരന്റെ സമീപനവും നല്ലൊരു കവിതയെ ഇത്തരത്തിലൊരു നികൃഷ്‌ടമായ സൃഷ്‌ടിക്കു വഴിയൊരുക്കുകയുമാവാം. ക്രാന്തദര്‍ശികളായ കവികള്‍ എല്ലായ്‌പ്പോഴും സഹൃദയന്റെ മനസ്സറിയാനാണ്‌ ശ്രമിക്കുക. നല്ല വായനക്കാരില്ല ഇന്നത്തെ കാലഘട്ടത്തില്‍. നല്ല കവിതകളുടെ ജനനവും അസാധ്യമാണ്‌.

എഴുതി പൂര്‍ത്തിയാക്കിയ കവിത വായനക്കാരനു ള്ളതാണ്‌ എന്നുള്ള വസ്‌തുത സ്വന്തം ആത്മാവിനോട്‌ പറഞ്ഞ്‌ ഫലിപ്പിക്കാനു ള്ള കഴിവുകേടാണ്‌ അവസാനഘട്ടം. മിക്ക കവികളും സ്വാര്‍ത്ഥരാണ്‌. അതുപോലെ തന്നെ ഉത്‌കണ്‌ഠാകുലരുമാണ്‌. തന്റെ സൃഷ്‌ടിയെ മറ്റുള്ളവര്‍ പഴിക്കുന്നത്‌ ഏതൊരു സ്രഷ്‌ടാവിഌം സഹിക്കാവുന്നതിലുമപ്പുറമാണ്‌. അവന്‍ ഒരുതരത്തില്‍ വായനക്കാരെ സ്‌നേഹിക്കുന്നതുപോലെ ഭയക്കുകയും ചെയ്യുന്നു. നിഷേധകരമായ ചിന്തകളുള്ള നിരൂപകന്‍ ഏതൊരു വായനക്കാരനിലുമുണ്ടാകാം. ആ വെല്ലുവിളി കവിയെ ഭീരുവാക്കുന്നു. ഒരുതരം അന്തര്‍മുഖത്വം. അങ്ങനെ വളര്‍ന്നു വരുന്ന നിഷേധാത്മകമായ അമ്പുകള്‍ തടുക്കാന്‍ കവചങ്ങളില്ലാതെ വരുമ്പോള്‍ കവിത തന്റെ സ്രഷ്‌ടാവിന്റെ തന്നെ ദയാവധത്തിനു വിധേയമാക്കപ്പെടുന്നു. ഒരിക്കലും വിടരാത്ത പുഷ്‌പത്തിലെ പരാഗരേണുക്കളെ പോലെ ആ കവിത കവിയുടെ മനസ്സില്‍ വികാരംകൊള്ളും.

കവിയിലെ ആത്മാവിനെ കവിത പൂര്‍ണ്ണമാക്കുന്നു. അങ്ങനെ പൂര്‍ണ്ണമാകുന്ന ആത്മാവില്‍ വീണ്ടും വീണ്ടും വികാരങ്ങള്‍ ചാലിച്ച്‌ അതിനെ മറ്റൊരു മഹാകാവ്യമാക്കി മാറ്റാന്‍ കവി ശ്രമിക്കുന്നു. ജീവിതങ്ങളുടെ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന അവന്‍ സ്വന്തം വിധിയെ ഓര്‍ത്ത്‌ പലപ്പോഴും വിലപിക്കാറുണ്ട്‌. ആ വിലാപങ്ങള്‍ കവി ഈരടികളും ശ്ലോകങ്ങളുമാക്കി മാറ്റുന്നു. അങ്ങനെ അത്‌ തന്നില്‍ ലയിച്ചുചേരുന്നു. ആ ലയനത്തില്‍ കവി ആനന്ദംകൊള്ളുന്നു. പിന്നീടത്‌ ഉന്മാദത്തിന്റെ ഉത്തുംഗതയില്‍ നിന്നുകൊണ്ട്‌ ഓരോ ഹൃദയങ്ങളിലും വരച്ചിടുന്നു. അവസാനം കവി കവിതയായി രൂപാന്തരപ്പെടുന്നു; അവന്റെ ആത്മാവും.