ഇരുള്‍പ്പിറവികള്‍

വരണ്ട പാടവരമ്പിലൂടെ ഓടുകയായിരുന്നു ഞാന്‍. പായല്‍ വിരിച്ച കുളങ്ങളും വഴുക്കല്‍ കെട്ടിയ കല്ലുകളും കടന്ന്‌, കിതച്ചും അണച്ചും. പിന്‍തുടരുന്നവനെ ഭയന്ന്‌, തിരിഞ്ഞുനോക്കാതെ തൊട്ടടുത്ത നിമിഷത്തില്‍ കാല്‍ വഴുതി ആഴത്തിലേക്ക്‌ വീഴുമ്പോഴേക്കും ഞാന്‍ കണ്ണു തുറന്നു. വിയര്‍ത്തിരിക്കുന്നു. കര്‍ട്ടന്റെ ഏതോ ഒരു വിടവിലൂടെ വെളിച്ചം അകത്തേക്ക്‌ പിറക്കുന്നു.; ഒരു പകല്‍ കൂടി..

എന്റെ പുലരികള്‍ തുടങ്ങുന്നത്‌ പിറകിലേക്ക്‌ കോതിവെച്ച നീണ്ട മുടിയിഴകളും ഒരു അടക്കവുമില്ലാതെ വളരുന്ന താടിരോമങ്ങളും കണ്ടുകൊണ്ടാണ്‌ ഹരിഹരന്‍ ഉണര്‍ന്നിട്ടില്ല. മനസ്സില്‍ നിറയെ നിറങ്ങളായിരിക്കും ഇപ്പോള്‍. ഒരു കുഞ്ഞിനെപ്പോലെ കിടക്കുന്നു. ചില ആളുകളുടെ മുഖത്ത്‌ കുട്ടിക്കാലം തെളിഞ്ഞുകാണാം. ഒന്നോര്‍ത്തുനോക്കിയാല്‍, ഇതേ ചെറിയ കണ്ണുകളും നിറഞ്ഞ ചിരിയും ഉള്ളവരായിരിക്കും എനിക്ക്‌ പിറക്കാന്‍ പോകുന്ന ഉണ്ണികള്‍. ചായം പുരണ്ട കുഞ്ഞിളം വിരലുകള്‍കൊണ്ട്‌ കഥകള്‍ തീര്‍ക്കും അവരുംപൂവും പൂമ്പാറ്റയും മുതല്‍ ......

കിളിയും ചീവീടുമില്ലെങ്കിലും കാറ്റും തണുപ്പുമുണ്ട്‌ നഗരത്തില്‍. നടത്തം കഴിഞ്ഞുവരുന്ന അഡ്വക്കേറ്റ്‌ രംഗസ്വാമിയും ഭാര്യയും. നേരിയ ചിരി വരുത്താന്‍ ശ്രമിക്കുന്നുണ്ട്‌.

“അവങ്കിട്ടെ പേസാത്‌. അവ ലൈഫില്‌ ഒന്നുമേ ഓര്‍ഡറാ ഇരിക്കലേ”

മനു ഷ്യരേയും ദൈവങ്ങളേയും മനസ്സിന്റെ കാരാഗൃഹങ്ങളില്‍ തളച്ചിടുന്നവര്‍.

മമ്മയുടെ ഉള്‍ച്ചൂടില്‍ നിന്നും ഏഴാം മാസത്തില്‍ വെന്റിലേറ്ററിലേക്ക്‌ ഇസബെല്‍ പിറന്നുവീണപ്പോള്‍ രണ്ടുവയസ്സുകാരന്‍ ഹരിഹരന്‍ ദക്ഷിണ കന്നഡയിലെ ഗ്രാമ ചുവരുകളില്‍ രൂപങ്ങള്‍ കോറിത്തുടങ്ങിയിരിക്കണം. എല്ലാം ഒന്നുതന്നെ. അയ്യര്‍മാരും ശാസ്‌ത്രികളും പാര്‍ക്കുന്ന ഈ അപ്പാര്‍ട്ടുമെന്റ്‌സില്‍ ബൈബിളും ഗീതയും ദാസ്‌കേപ്പിറ്റലും ഒരേ ഷെല്‍ഫില്‍ ഇരുന്ന്‌ സംവദിക്കുന്ന ഒരേ ഒരിടമായിരിക്കണം ഇത്‌. പൂജയില്ല, കൊന്തയില്ല ഹരിഹരന്റെ ചായങ്ങളും എന്റെ സ്വപ്‌നങ്ങളും മാത്രം.

സമയം വൈകുന്നു. ഫോണില്‍ കൊങ്കിണിയില്‍ സംസാരിച്ചുകൊണ്ടിരിക്കയാണ്‌ ഹരിഹരന്‍ അമ്മയായിരിക്കണം അപ്പുറത്ത്‌. കിലുങ്ങി ചിണുങ്ങിയ ഒരു ഭാഷ. മലയാളത്തെപ്പറ്റി എന്താവും തോന്നുന്നത്‌ അവന്‌. നന്തഌം നിവേദക്കും തോന്നിയപോലെ ‘കുഞ്ഞുപിണക്കത്തിന്റെ താളം’ എന്നായിരിക്കുമോ ?

ചുവപ്പാണ്‌, കാന്‍വാസില്‍ .

“തീയില്‍ കുരുക്കുന്ന ഫീനിക്‌സ്‌ പക്ഷി ? അതോ ഡെനേറിസിന്റെ ഉരുക്കുമേനിയില്‍ ഉറക്കമുണരുന്ന ഡ്രാഗണ്‍ കുഞ്ഞുങ്ങളോ ?”

“ രണ്ടും അല്ല, ഭാരതീയമാണ്‌ കക്ഷി. നഗ്നസരസ്വതി പോലെ ഒരൈറ്റം.” മനസ്സില്‍ വരച്ചെടുക്കുന്നപോലെ ഒന്നുറച്ചുനോക്കിക്കൊണ്ട്‌ നിന്നു, ഹരിഹരന്‍.

“പെട്ടെന്ന്‌ വരച്ചോ. എന്നാ നിനക്കും ഇന്ത്യ വിടാം.”

“അതിന്‌ നീ കൂടെ വരണ്ടേ, നിന്റെ ഇന്ത്യന്‍ ഗര്‍ഭിണികളേയും ഉപേക്ഷിച്ച്‌!!”

* *

ചെലുവാമ്പ ഹോസ്‌പിറ്റലിന്റെ ഗേറ്റില്‍, പതിവുപോലെ, രോഗികളോടും ബന്ധക്കാരോടും തര്‍ക്കിച്ചു നില്‍ക്കുന്ന സെക്യൂരിറ്റി… വഴിയിലെ മനസ്സുകളെ വകഞ്ഞുമാറ്റിക്കൊണ്ട,്‌ എന്റെ വരവും കാത്ത്‌ കിടക്കുന്ന ഗര്‍ഭിണികളുടെ അടുത്തേക്ക്‌. ഒരേ ഊഷ്‌മാവിലുള്ള ആധിയും ഒരേ നിറമുള്ള സ്വപ്‌നങ്ങളും പൂമ്പാറ്റച്ചിറകിന്റെ നേര്‍പ്പമുള്ള മനസ്സുമായി, എന്റെ പാവം അമ്മമാര്‍....

“Doctor Isobel, you have to report to the OT immediately”

റിസപ്‌ഷനിലിരിക്കുന്ന ചായം തേച്ച മുഖങ്ങളില്‍ നേരിയ ആശ്വാസം. ണ്ട

അലസ ഭാഷണംപോലെ നിറഞ്ഞൊഴുകുന്ന രക്തം. അരുതാത്ത ഇടങ്ങളില്‍ ഇരിപ്പുറപ്പിക്കുന്ന ജീവന്റെ കണങ്ങള്‍ പുസ്‌തകങ്ങളില്‍ എക്‌ടോപിക്‌ പ്രഗ്നന്‍സികളാണവ. യാത്ര തുടങ്ങുമ്പോള്‍ തന്നെ വഴിതെറ്റി പോകുന്നവര്‍, ലക്ഷ്യത്തിലെത്തും മുമ്പേ തളര്‍ന്നു വീഴുന്നവര്‍. സാത്താന്റെ വിഷക്കനികള്‍ തിന്ന്‌ പാതിവഴികളില്‍ നിശ്ചലരാവുന്നവര്‍.

പിഴുതെടുത്തും തുന്നിച്ചേര്‍ത്തും മണിക്കൂറുകള്‍ പാഞ്ഞപ്പോഴേക്കും പ്രഭാതം വൃദ്ധയായിരുന്നു. ഉള്ളറകളില്‍ എവിടെയോ ഒരു പതര്‍ച്ച. മറുലോകങ്ങളില്‍ നിന്നും വരുന്ന നേര്‍ത്ത തേങ്ങല്‍. തണുത്തൊഴുകുന്ന രക്തത്തിലൂടെ വന്ന ഭയം, വിരല്‍ത്തുമ്പില്‍ നിന്ന്‌ നീരൂറ്റാന്‍ തുടങ്ങിയിരിക്കുന്നു.

ഒരുപക്ഷേ ചുറ്റുമിരിക്കുന്നവരുടെ ചിന്തകളാകാം. അറിയപ്പെടാത്ത ആ ഇന്ദ്രിയത്തിലൂടെ അവരുടെ ദുഃഖങ്ങളും നിരാശകളുമായിരിക്കാം എന്റെ ശ്വാസവായു വലിച്ചെടുക്കുന്നത്‌. ഞാന്‍ എന്തിനെയാണ്‌ ഭയക്കുന്നത്‌ ? തൊട്ടുമുമ്പ്‌ പറിച്ചെറിഞ്ഞ കെടുവിത്തിനേയോ?? ചോരയുടെ നിറം, വേദനയുടെ ശബ്‌ദം; പതം വന്നതാണ്‌ മിഴിയും മനവും. കണ്ടുമറക്കേണ്ട മുഖങ്ങള്‍ ഇതിലും വലുതായി എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ ഞാന്‍ ?!

ഡ്യൂട്ടി ഡോക്‌ടേഴ്‌സ്‌ റൂമില്‍ നിന്ന്‌ മറ്റെല്ലാവരും പോയിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ മുഴങ്ങുന്നത്‌ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ മാത്രം! നിരാശയും ഭയവും എന്നില്‍ നിന്ന്‌ ഊര്‍ന്നിറങ്ങിക്കൊണ്ടേയിരുന്നു. അഇ മുറിയിലെ വായുവിലേക്ക്‌ അവയുടെ ചൂട്‌ പരക്കുന്നു ക്രമത്തില്‍ കൂടിക്കൂടി വരുന്നു. എന്റെ ചിന്തകള്‍ ഉത്തരം കിട്ടാതെ, നൂലിട്ട പട്ടം പോയെ വിങ്ങിപ്പറക്കുന്നു പിണഞ്ഞു കുരുങ്ങുന്നു ചുവരില്‍ ഇടിക്കുന്നു തെറിച്ചു പിളരുന്നു.!! ജനാലകളും വാതിലുകളും തുറന്നിട്ടുകൊണ്ട്‌ ഞാന്‍ പുറത്തേക്ക്‌ നടന്നു. വെളുത്ത്‌ വിളര്‍ത്ത ആകാശത്ത്‌ പ്രവചനങ്ങള്‍ ഒളിച്ചുവച്ചതുപോലെ.. ഏതോ ദുഃസ്വപ്‌നത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍...

എന്തുചെയ്യുകയായിരിക്കും സ്വപ്‌നങ്ങള്‍ ഇപ്പോള്‍ ? രാവിലെയുടെ പാച്ചിലുകളില്‍ ഞാന്‍ പാതിവഴിയില്‍ വഞ്ചിച്ചുപോകുന്ന സ്വപ്‌നങ്ങള്‍ വാതില്‍പഴുതിലൂടെ പുറത്തേക്ക്‌ ഇറങ്ങും. ചിത്രങ്ങള്‍ക്കരികിലേക്ക്‌. ഹരിഹരന്റെ ചിത്രങ്ങള്‍ക്ക്‌ ചിറക്‌ മുളച്ച്‌ അവ വീട്‌ നിറയെ പറന്ന്‌ നടക്കുകയായിരിക്കും അപ്പോള്‍. കൗമാരത്തില്‍ വളര്‍ച്ച മുട്ടിയ എന്റെ സ്വപ്‌നങ്ങളുമായി കെട്ടിപ്പിണഞ്ഞും തള്ളിയകറ്റിയും… പൊട്ടിച്ചിരികളും കലപിലയും സഹിക്കവയ്യാതാവുമ്പോള്‍ ഹരിഹരന്‍ പുറത്തേക്കിറങ്ങിപ്പോകും. ഒരു മുഴുസമയ ചിത്രകാരന്റെ ബഹിര്‍ലോക നിമിഷങ്ങള്‍. ചലിക്കുന്ന ചിത്രങ്ങളില്‍ നിന്ന്‌ അവന്റെ ചലിക്കാത്ത ചിത്രങ്ങള്‍ക്ക്‌ വേണ്ടി ഉയിരൂറ്റാന്‍.

അമ്പിലിക്കല്‍ കോഡില്‍ നിന്ന്‌ താഴോട്ട്‌ നോക്കിയാല്‍ ഉറുമ്പുകളെപ്പോലെ നീങ്ങുന്ന മനു ഷ്യരെ കാണാം ഏതോ യുഗത്തില്‍ വരാനിരിക്കുന്ന ക്ഷാമത്തേയും പേടിച്ച്‌, ധൃതിപിടിച്ച്‌…. ഗൈനക്കോളജി വിഭാഗത്തേയും കുട്ടികളുടെ ആശുപത്രിയേയും ബന്ധിപ്പിക്കുന്ന പൊക്കിള്‍കൊടി ആരോ എന്നോ വിളിച്ച പേര്‌ അമ്പിലിക്കല്‍ കോഡ്‌ !! ആണ്ടുകളായി വികാരങ്ങള്‍ പേറി നിന്നിട്ടും യാതൊരു പഴക്കവും തട്ടാത്ത ഒരിടം. തൊട്ടടുത്ത്‌ പന്തലിട്ട്‌ നില്‍ക്കുന്ന അരയാല്‍ മരം. പിറന്നുവീഴുന്ന ഓരോ കുഞ്ഞിഌം വേണ്ടി നാമം ജപിക്കുകയായിരിക്കണം ആലിലകള്‍.

“ഹലോ! റോസ്‌ലിനോ! എന്താണിപ്പോ വിളിക്കാന്‍ ?”

“ഇസബെല്‍,....., നമ്മുടെ ഹരി....... ജംഗ്‌ഷനടുത്തുവെച്ച്‌.....” കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തം. എന്റെ ജീവിതം കോറിവെച്ച്‌, അതില്‌ ഇത്തിരി ചായം ചേര്‍ക്കുകപോലും ചെയ്യാതെ....


പകലിന്റെ ഗര്‍ഭം അന്തിമപാദത്തിലേക്ക്‌ കടന്നിരിക്കുന്നു. ഇരുളും തിന്മകളും പിറക്കാനൊരുങ്ങുന്നു. അമ്പിലിക്കല്‍ കോഡിന്‌ താഴെ അനേകം ആദിമഭ്രൂണങ്ങള്‍ ഒഴുകി നടക്കുന്നു. മീന്‍പോലെ, ചുരുണ്ടുകൂടിയ പല്ലികളെപ്പോലെ, വായുഗര്‍ഭത്തില്‍ നീന്തുന്നു. ചുവന്ന ചിത്രം സ്വന്തം രക്തംകൊണ്ട്‌ മുഴുമിച്ച്‌ കിടക്കുകയാവും ഹരിഹരന്‍ ഇപ്പോള്‍. വായുവിലാകെ ചുവപ്പ്‌ പടര്‍ന്നുകയറുന്നു ഹരിഹരന്റെ ചോരയുടെ ചുവപ്പ്‌. എന്നെ തേടിവരുന്ന അതിന്റെ ഉഷ്‌ണത്തില്‌ ഭ്രൂണങ്ങള്‍ പിടഞ്ഞു. അരയാലിലകള്‍ വിറകൊണ്ടു. മമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ചുളിവുകള്‍ എന്നെ പൊതിഞ്ഞെടുത്തു. ഒന്നുമറിയാതെ എന്റെ പാവം സ്വപ്‌നങ്ങള്‍ ഹരിഹരന്റെ ചിത്രങ്ങളെ പുണര്‍ന്നുകൊണ്ടേയിരുന്നു.