ആത്മനൊമ്പരം

കടല്‍തീരത്ത്‌ തിരകളെ നോക്കിയിരുന്നപ്പോള്‍ അയാളുടെ മനസ്സിലും തിരകളുടെ വേലിയേറ്റമായി ഗതകാലസ്‌മരണകള്‍ അയാളെ തേടിയെത്തി. അയാളുടെ പൊന്നോമന മകള്‍ വിടവാങ്ങിയിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു. അവളുടെ കൊഞ്ചികുഴയലുകള്‍ കാതില്‍ തിരമാലകള്‍ പോലെ അലയടിക്കുന്നു. ഈ ചിന്തകളില്‍ നിന്ന്‌ തനിക്ക്‌ ഒരിക്കലും മോചനമില്ല എന്ന്‌ അയാള്‍ ദു:ഖത്തോടെ തിരിച്ചറിഞ്ഞു. വയലേലകളിലുംപാടവരമ്പുകളിലും അയാളുടെ കൈപിടിച്ചു നടന്ന പിഞ്ചോമന, എന്തൊ അവള്‍ക്ക്‌ ഏറ്റവും പ്രിയം അച്ഛനോടായിരുന്നു. അയാളുടെ ഒക്കത്തിരുന്ന്‌ മാനത്തെ അമ്പിളിമാമനെ കാണുമ്പോള്‍ അവളുടെ കണ്ണുകള്‍ എന്നും തിളങ്ങിയിരുന്നു. നെറ്റിയിലെ കുറുനിരകള്‍ മാടിയൊതുക്കി അവള്‍ ഓടി അരികിലെത്തുമ്പോള്‍ ജീവിതം സുന്ദരമാണെന്ന്‌ അയാള്‍ അനു ഭവിച്ചറിഞ്ഞു. കുഞ്ഞുടുപ്പിട്ട്‌ മുടിയില്‍ ചുവന്ന റിബ്ബണ്‍ കെട്ടി നു ണക്കുഴി കാട്ടി അവള്‍ ചിരിക്കുമ്പോള്‍ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍ താനെന്ന്‌ അയാള്‍ അഹങ്കരിച്ചു. എന്തിനാണ്‌ വിധി അവളെ തന്നില്‍ നിന്ന്‌ അകറ്റിയത്‌. മരണത്തിന്റെ കറുത്ത കൈകള്‍ അവളെ തഴുകിയപ്പോള്‍ താന്‍ എത്ര നിസ്സഹായനാണ്‌ എന്ന്‌ അയാള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചു. താന്‍ തളര്‍ന്നാല്‍ തന്റെ ഭാര്യയെ ആര്‌ ആശ്വസിപ്പിക്കും എന്നുള്ള തിരിച്ചറിവില്‍ എല്ലാം ഉള്ളിലടക്കി ഒരു വേദാന്തിയെപ്പോലെ അയാള്‍ അലഞ്ഞു. കാലം ഈ ദു:ഖത്തിന്‌ ഒരു ശമനമുണ്ടാക്കിയിരുന്നെങ്കില്‍! തന്റെ കുഞ്ഞുമകളെ താന്‍ വേണ്ടത്ര ലാളിച്ചോ? അവള്‍ക്ക്‌ കുഞ്ഞുടുപ്പുകള്‍ നല്‍കിയോ? ഉത്സവപറമ്പില്‍ ബലൂണിനു വേണ്ടി കരഞ്ഞപ്പോള്‍ അവളെ താന്‍ ശാസിച്ചോ? അയാളുടെ മനസ്സില്‍ സന്ദേഹങ്ങളുടെ പ്രവാഹമായി. ജീവിതം കരുപിടിപ്പിക്കുന്ന ഉത്സാഹത്തില്‍ താന്‍ അവളെ വേണ്ടത്ര ശ്രദ്ധിച്ചില്ലാ എന്ന്‌ അയാള്‍ക്ക്‌ വല്ലാത്ത കുറ്റബോധം തോന്നി. വേണ്ടത്ര ശ്രദ്ധകൊടുക്കാഞ്ഞിട്ടാണോ അവള്‍ തന്നെ വിട്ടുപോയത്‌? അവള്‍ക്കു വേണ്ടി വിധിയോടു പൊരുതാന്‍ താന്‍ മെനക്കെടാതിരുന്നോ? അയാള്‍ക്ക്‌ ഒന്നും അറിയില്ല. ശൂന്യതയിലേക്കു നോക്കി അയാള്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു. എവിടെയും അന്ധകാരം മാത്രം.