ആത്മനിഗമനം

പുറത്ത്‌ കനത്ത്‌ പെയ്യുന്ന മഴയില്‍ നിന്നും മുന്നില്‍ നിവര്‍ത്തി വെച്ചിരിക്കുന്ന പത്രത്തിലേക്ക്‌ ശ്രദ്ധതിരിക്കാന്‍ താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കുറച്ചുമുമ്പ്‌ ആവിപറന്നു പൊങ്ങിയ കാപ്പിഗ്ലാസ്സ്‌, മഴയുടെ താളത്തിനനു സരിച്ച്‌ ആറിത്തുടങ്ങി. മണിക്കുട്ടിയുടെ കളിപ്പാട്ടങ്ങള്‍ ഇപ്പോഴും ആരുംതൊടാനില്ലാതെ നിലത്ത്‌ അനാഥമായി കിടക്കുന്നു. ചില്ലിട്ട ജനാലയില്‍ പാഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ആകെയൊരുമൂടല്‍.

മൂടല്‍ കണ്ണുകള്‍ക്കോ, അതോ മനസ്സിനോ...... താന്‍ ഓര്‍ത്തു.

ചോര്‍ന്നുതുടങ്ങിയ ചുവരില്‍, ഒറ്റ ആണിമേല്‍ തൂക്കിയിട്ടിരിക്കുന്ന ആ ഫോട്ടോയില്‍ നോക്കുമ്പോഴും അതേ മൂടല്‍.... മണിക്കുട്ടിക്ക്‌ മായയുടെ ഛായ തന്നെ. തന്റെ മകളാണെന്ന്‌ പറയത്തക്കവണ്ണം നിറത്തില്‍പോലും സാമ്യമില്ലാതെ പോയി അവള്‍ക്ക്‌ തന്നോട്‌. അതുതന്നെ ആയിരുന്നല്ലോ തന്റെ പ്രശ്‌നവും.

മദ്യത്തിന്റെ ലഹരി മാറുന്ന നേരത്തുപോലും, മണിക്കുട്ടിയെ ഒന്നെടുക്കാന്‍, മടിയിലിരുത്തി ഓമനിക്കാന്‍ തോന്നാതെ പോയല്ലോ തനിക്ക്‌. ഓര്‍മ്മവെച്ചു തുടങ്ങുന്ന നാള്‍മുതല്‍ വെറുക്കുമായിരിക്കും അവള്‍ ഈ അച്ഛനെ... മദ്യത്തിന്റെ ദുഷിച്ച ഗന്ധം കലര്‍ന്ന വായുവും, അമ്മയുടെ കണ്ണുനീര്‍ കലര്‍ന്ന മുലപ്പാലും അല്ലാതെ, ഒരു താരാട്ടുപാട്ടുപോലും ഉയര്‍ന്നിട്ടില്ല അവള്‍ക്കായ്‌, ഈ വീട്ടില്‍.

മായ താന്‍ നിഷ്‌കളങ്കയാണെന്ന്‌ എത്രതവണയാണ്‌ കോടതിയില്‍ ആണയിട്ട്‌ കരഞ്ഞുപറഞ്ഞത്‌. വാശി തനിക്കായിരുന്നില്ലെ. മണിക്കുട്ടി തന്റെ ചോരയാണെന്ന്‌ തനിക്കുറപ്പുണ്ടായിരുന്നല്ലോ... എന്നിട്ടും.... സംശയത്തിന്റെ നിഴല്‍ പതിഞ്ഞപ്പോഴേ പാവം മായയെ തള്ളിപ്പറയാന്‍ മാത്രം ദുഷ്‌ടനായിരുന്നോ താന്‍?

കുഞ്ഞിനേയും താങ്ങി തന്നോട്‌ കേഴുന്ന അവളുടെ മുഖം ലഹരികയറിയപ്പോള്‍ താന്‍ മറന്നു.

അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍.... മണിക്കുട്ടിയും.... ഒറ്റപ്പെടലോ, കുറ്റബോധമോ..... എന്താണ്‌ തന്റെ ഈ ഭാവമാറ്റത്തിനു കാരണം?...

അടുക്കളയില്‍ അടുപ്പിനു ചുറ്റും കഴുകാതെ വെച്ചിരിക്കുന്ന പാത്രങ്ങള്‍ക്കിടയില്‍ നിന്നും തീപ്പെട്ടിക്കൂടെടുത്ത്‌ താന്‍ വിരുന്നു മുറിയിലേക്ക്‌ നടന്നു.

മകള്‍ക്കുവേണ്ടിയോ, ഭാര്യയ്‌ക്കുവേണ്ടിയോ, അറിയില്ല.... ഒരുതുള്ളി കണ്ണുനീര്‍ തന്റെ കണ്ണില്‍ നിന്നും ആദ്യമായ്‌ നിലംപതിച്ചു. താന്‍ മാറുകയാണോ?....

പത്രത്തിനടിയിലെ വെള്ള എന്‍വലപ്പില്‍ നിന്നും ഡിവോര്‍സ്‌ കടലാസെടുത്ത്‌ ഒറ്റതീപ്പെട്ടികൊള്ളികൊണ്ടുതന്നെ അതെരിച്ചുതീര്‍ത്തു. മഴയുടെ താളം മാറുന്നതുപോലെ തനിക്ക്‌ തോന്നി.