അളിയാ.... നീയാടാ യഥാര്‍ത്ഥ സുഹൃത്ത്
വീണ്ടും ഒരു ഞായറാഴ്‌ച, മരുഭൂമിയിലെ മരീചികപോലെ. എന്തൊരു സമാധാനം, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നേയില്ല. കുറച്ചുനേരം കൂടി മൂടിപ്പുതച്ചുറങ്ങാന്‍ എന്റെ ഉള്ളം കൊതിച്ചു.
“അളിയാ.....!” ആ വിളി എന്റെ കാതില്‍മുഴങ്ങി. ഞാന്‍ പുതപ്പ് മാറ്റി നോക്കി. കര്‍ത്താവേ......... ഇവനോ!! നൂറ് വാട്ട് ബള്‍ബ് പോലുള്ള ചിരി.......... എന്തുനല്ല കണി. ഇവനാണ് ഈ കഥയിലെ നായകന്‍ ഫൈസി.
“ഞാന്‍ ഒരു സ്വപ്‌നം കണ്ടു. നീയാണു സ്വപ്‌നത്തിലെ നായകന്‍.” അതെനിക്കങ്ങു ഇഷ്‌ടപ്പെട്ടു.
“നമ്മള്‍ എല്ലാവരും കൂടി രാത്രി ഒരാളുടെ പാര്‍ട്ടിക്ക് പോയി. തിരിച്ചു പോരാന്‍എല്ലാവര്‍ക്കും പാര്‍ട്ടി നടത്തുന്ന ആള്‍ ഓരോ ബൈക്ക് നല്‍കി. നമുക്ക് മാത്രം വണ്ടി ഇല്ല. പക്ഷേ നല്ലവനായ അയാള്‍ നമുക്ക് ഒരു കുതിരയെ തന്നു. ഞാന്‍ പറഞ്ഞു എനിക്ക് കുതിര സവാരി അറിയില്ല എന്ന്. അതുകേട്ടപാടെ നീ പറഞ്ഞു നിനക്ക് അറിയാം കുതിരസവാരി എന്ന്. അങ്ങനെ നമ്മള്‍ കുതിരപ്പുറത്തിരുന്ന് ഹോസ്റ്റലിലേക്ക് യാത്രയായി. കുറച്ചു ദൂരം ചെന്നപ്പോള്‍ കുതിര പണിമുടക്കി. ഇതുകണ്ട നീ കുതിരയെ പൊതിരെ തല്ലാന്‍തുടങ്ങി. വഴിവക്കില്‍ ഇരുന്ന ആളുകള്‍ ഇതുകണ്ടു.ഒരുഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു അവര്‍ കുതിര സ്‌നേഹികള്‍ ആയിരുന്നു എന്ന്. ഞാന്‍ കുതിരപ്പുറത്തു നിന്ന് ചാടിയിറങ്ങി ഓടി. അവര്‍ നിന്നെ തല്ലികൊന്നു.”
എന്തുനല്ല സ്വപ്‌നം. മനു ഷ്യന്റെ സമാധാനം കളയാന്‍ ഓരോരുത്തന്മാരെ രാവിലെ തന്നെ കെട്ടിയെടുത്തോളും. ഞാന്‍ ചാവാന്‍ കാത്തിരുക്കുവാണോ ഇവനൊക്കെ. ഞാന്‍ ഒരു പുഞ്ചിരിയോടെ അവനോടു പറഞ്ഞു - അളിയാ നീയാണു യഥാര്‍ത്ഥ സുഹൃത്ത്.
വൈകുന്നേരം ഞാഌം ഫൈസിയും ഡിന്നറിന് പുറത്തൊരു ഹോട്ടലില്‍ പോയി.വാഷ് റൂമില്‍ ചെന്നപ്പോള്‍ അടുത്തൊരു പെണ്‍കുട്ടി കൈ കഴുകുന്നു. അവള്‍ കണ്ണാടിയില്‍ നോക്കി എന്നിട്ടു ചോദിച്ചു
“എന്തൊക്കെ ഉണ്ട് വിശേഷം?” ഞാന്‍ ഒന്നു ഞെട്ടി. ഇതാരാണാവോ? ഇനി എന്റെ കോളേജില്‍ പഠിക്കുന്ന ആരേലും ആണോ? ചിലപ്പോള്‍ ആയിരിക്കും. ഞാന്‍ പറഞ്ഞു,
“സുഖമായിരിക്കുന്നു. ഹൗ ആര്‍ യു?”
അവള്‍ എന്നെ ഒന്നു തിരിഞ്ഞു നോക്കി. എന്നിട്ടു വീണ്ടും കൈ കഴുകാന്‍ തുടങ്ങി. അവള്‍ വീണ്ടും ചോദിച്ചു
“വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നോ?”
എന്നാലും ഇവള്‍ ആരായിരിക്കും? എന്നെ ഇവള്‍ക്ക് എങ്ങനെ അറിയാം? ഞാന്‍ പറഞ്ഞു, “എല്ലാവരും സന്തോഷമായിരിക്കുന്നു. നിങ്ങള്‍ ആരാ?”അവള്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി. എന്നിട്ടു പെട്ടെന്നു പുറത്തോട്ടു നടന്നുപോയി. എനിക്കു ഒന്നും മനസ്സിലായില്ല. ഞാന്‍ അപ്പോഴാണു ശ്രദ്ധിച്ചത് അവള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉപയോഗിച്ച് ആരോടോ സംസാരിക്കുകയായിരുന്നു.
ശ്ശെ..... ആകെകൂടെ നാണക്കേടായല്ലോ!!
കാശുകൊടുത്ത ശേഷം ഞാഌം ഫൈസിയും ഹോട്ടലില്‍ നിന്നും ഇറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും സ്റ്റാര്‍ട്ട് ആവുന്നില്ല. ഇന്ന് ആരെയാണാവോ കണികണ്ടത്? ചിന്തിച്ചു തീര്‍ന്നില്ല... പുറകില്‍ നിന്നു വീണ്ടും ശബ്‌ദം.... “അളിയാ”
ഇനി എന്തുചെയ്യും? എങ്ങനെയെങ്കിലും ഹോസ്റ്റലില്‍ എത്തണം.
നേരത്തെ കണ്ട പെണ്‍കുട്ടി കുറച്ചു മുന്നിലായി നടന്നു നീങ്ങുന്നതു ഞാന്‍ കണ്ടു. പെട്ടെന്നു അവളുടെ പഴ്‌സ് ഒരാള്‍ തട്ടിപറിച്ചു ഓടി. ഇതുകണ്ട് ഫൈസി പറഞ്ഞു,
“വേഗം അയാളെ അടിച്ചിട്ടു ആ പഴ്‌സ് അവള്‍ക്ക് തിരിച്ചു കൊടുത്താല്‍ നിനക്കൊരു ഹീറോ ആവാം.”
പിന്നെ ഒന്നും ചിന്തിച്ചില്ല. സാക്ഷാല്‍ രജനീകാന്തിനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ അയാളുടെ പുറകെ ഓടി. അവളും ബഹളമുണ്ടാക്കി ആള്‍ക്കാരെകൂട്ടി. അവരും ഞങ്ങളുടെ പുറകെ ഓടി വന്നു. എന്റെ പിന്നാലെ വരുന്നവരുടെ മട്ടും ഭാവവും കണ്ടപ്പോള്‍ എനിക്കു ഒരു കാര്യം മനസ്സിലായി - അവരുടെ കണ്ണില്‍ കള്ളന്‍ ഞാനാണെന്ന്. ഞാന്‍ എത്രയും പെട്ടെന്നു തന്നെ അവിടുന്നു തടിതപ്പി. കള്ളനെ നാട്ടുകാര്‍ പിടിച്ചു.
ബൈക്ക് എടുക്കാന്‍ തിരിച്ചു വന്ന ഞാന്‍ ആ കാഴ്‌ച കണ്ടു ഞെട്ടി. ചിരിച്ചും കളിച്ചും അവളോടു സംസാരിക്കുന്ന ഫൈസി. ഞാന്‍ മനസ്സില്‍ പറഞ്ഞു, “അളിയാ... നീയാണെടാ യഥാര്‍ത്ഥ സുഹൃത്ത്...!!”