അമ്മ - ഇന്ന്‌

നിറമിഴി നദിയേക്കാളാര്‍ദ്രമായ്‌

കട്ടിയായ മൗനം ഇടവഴിയിലൂടലഞ്ഞു

നേരിന്റെ നീര്‍പ്പോള
മൗനം ഭജിക്കവെ
ചിന്തകള്‍ നിഴലായ്‌
മാറ്റത്തിന്നലയൊലികള്‍
മനസ്സിലേക്കൂര്‍ന്നു വീണു.
ഓരോ ചുവടും കിരാതന്റെ ചെയ്‌തിയായ്‌
എങ്ങും പടര്‍ന്ന്‌ പകര്‍ന്ന്‌
ദു:ഖതാണ്‌ഡം നിറക്കുന്നു
അമ്മതന്‍ ബാഷ്‌പം
മുറിവേറ്റ ഹൃത്തില്‍ നിന്നൂര്‍ന്ന്‌
വീഴുന്ന രുിരം
പിടയ്‌ക്കുന്ന ഹൃത്ത്‌
തപിക്കുന്ന ജന്മം
കാത്തിരിപ്പിന്നൊടുവിലറിയുന്നു
പിച്ചിച്ചീന്തപ്പെട്ടകുഞ്ഞിന്‍
ജഡവുമപഹരിക്കപ്പെടുന്നു
അലമുറയിട്ടതൊതുങ്ങുന്നു
ചുവരുകള്‍ക്കുള്ളില്‍
പേറ്റുനോവിന്നപരാതയി-
ലൊടുവിലറിയുന്നു
ഇതാണിന്നിന്റെ ചലനം
വാഴ്‌വിന്‍ നെരിപ്പോടിലെരിയുന്ന
ചിന്തകള്‍ ശൂന്യമായ്‌
നിറവിന്റെ വിങ്ങലില്‍
തെളിയുന്നു ഛായാചിത്രമായ്‌
ഓരോ നിഴലും തെളിച്ചവും
ഇന്നിന്റെ ഊഷരതയില്‍
സംഹാരതാണ്‌ഡവബീജം വിതച്ച്‌,
പടുമരമായ്‌ തഴയ്‌ക്കുന്നു.
പടരുന്നു കലിയുടെ നീഢമായ്‌
ഒടുവില്‍ നിറഞ്ഞുകവിഞ്ഞ പുഴ
സ്വപ്‌നത്തിലൂടൊഴുകി
ഇന്നിന്റെ കരവലയത്തിലമര്‍ന്ന്‌
പാടുകളവശേഷിപ്പിച്ച്‌
നാമാവശേഷയായപ്പോഴും
നിന്റെ നിലവിളിയുയര്‍ന്നു
കണ്ണുനീരവശേഷിക്കാതെ.